« »
ഇതാ, ആ വരമുദ്ര. അധ്യാപക സമൂഹത്തിനു കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ. അധ്യാപകര്‍ക്കായി, അര്‍ഥസമ്പുഷ്ടമായൊരു ലോഗോ ജനപങ്കാളിത്തത്തോടെ തയാറാക്കാനുള്ള ശ്രമത്തിനു മലയാള മനോരമ തുടക്കമിട്ടത് അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്. അധ്യാപകരോടുള്ള സ്നേഹവും ആദരവും നിറയുന്ന ഒട്ടേറെ ഗുരുദക്ഷിണകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവഹിച്ചു. പലഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകള്‍ക്കുശേഷം അതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുരുമുദ്രയാണിത്. 
ലാളിത്യം നിറഞ്ഞ ഈ മുദ്ര, ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും വെളിപ്പെടുത്തുന്നു. ഇതിലെ വലിയ ആള്‍രൂപം ഗുരുവിന്റേതാണ്. ഗുരുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചെറിയ രൂപം ശിഷ്യന്റേതും. അറിവിന്റെ ആദിമുദ്രകളിലൊന്നായ സ്ളേറ്റോ, നവീനകാലത്തിന്റെ ഐ പാഡോ ആയി തിരിച്ചറിയാവുന്ന പശ്ചാത്തലത്തിലാണു ഗുരുവിനെയും ശിഷ്യനെയും വിന്യസിക്കുന്നത്. 

ഏറ്റവും ലളിതമായൊരു മുദ്രയാകണം അധ്യാപകരുടേതെന്ന ബോധ്യത്തില്‍നിന്നാണ് ഈ ലോഗോ രൂപപ്പെട്ടതെന്ന് ഇതിനു രൂപം നല്‍കിയ കെ.കെ. ഷിബിന്‍ പറയുന്നു. ചോക്കു കൊണ്ടു ഭിത്തിയില്‍ വരച്ചുവയ്ക്കാവുന്നത്ര ലളിതം. തലശേരി കൂരാറ സ്വദേശിയായ കെ.കെ. ഷിബിന്‍ ചിറക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ഇന്‍്സ്ട്രക്ടറാണ്. ഡിസൈനര്‍ കൂടിയായ ഷിബിന്‍ കേന്ദ്ര ധനമന്ത്രാലയം നടത്തിയ 'രൂപയുടെ ചിഹ്നം രൂപകല്‍പനാ മല്‍സരത്തില്‍ അവസാനത്തെ അഞ്ചുപേരില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് ഈ ചുരുക്കപ്പട്ടികയിലെത്തിയ ഏക വ്യക്തിയും ഷിബിനായിരുന്നു. അധ്യാപക മുദ്ര രൂപകല്‍പനയില്‍ വിജയിയായ ഷിബിന് 10,001 രൂപയാണ് സമ്മാനം. 

അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 'നല്ല പാഠം പ്രവര്‍ത്തകരുടെ ആശയമാണ് ലോഗോ രൂപകല്‍പനയ്ക്കു പ്രചോദനമായത്. മൂവായിരത്തിലേറെ ലോഗോകളില്‍നിന്നു പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്തതു 30 മുദ്രകളാണ്. അതില്‍നിന്നു പത്തെണ്ണം തിരഞ്ഞെടുത്തതു വിദഗ്ധ സമിതിയും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ എം. ഷാജഹാന്‍, അബ്ദുല്‍ സമദ്, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, എ.കെ. സൈനുദ്ദീന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ കേരളത്തിനു സമര്‍പ്പിച്ച 10 മുദ്രകളില്‍നിന്നു വായനാസമൂഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുത്തതാണ് ഈ സവിശേഷ മുദ്ര.